181 വിമന്‍ ഹെല്‍പ് ലൈന്‍

കേരളത്തിലെ വനിതകള്‍ക്ക് 181 എന്ന ഏക ടോള്‍ ഫ്രീ നമ്പരിലൂടെ എല്ലാ മേഖലകളിലെയും വിവര അന്വേഷണവും, അത്യാവശ്യ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക സഹായത്തോടു കൂടി, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്ത്രീകള്‍ക്കു വേണ്ടി ഇരുപത്തിനാല് മണിക്കൂറും സേവനം ലഭ്യമാകുന്ന എമര്‍ജന്‍സി ഹെല്‍പ്പ് ലൈന്‍ സംവിധാനം ആരംഭിച്ചു. കേരളത്തിലെ സ്ത്രീകള്‍ക്ക് ഏത് അത്യാവശ്യ ഘട്ടത്തിലും സഹായം അഭ്യര്‍ത്ഥിക്കാനും,
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണാനും ഇതിലൂടെ സൗകര്യം ലഭിക്കും. 181 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുന്നതിലൂടെ സ്ഥലത്തെ പ്രധാന ഹോസ്പിറ്റല്‍, പോലീസ് സ്റ്റേഷന്‍, ആബുലന്‍സ് സര്‍വ്വീസ് എന്നിവയുടെ സേവനങ്ങള്‍ ദ്രുതഗതിയില്‍ ലഭ്യമാക്കുന്നതാണ്.

ഷീ-ടോയ്ലറ്റ്

സുരക്ഷിതവും വൃത്തിയുള്ളതും അനായാസേന ഉപയോഗിക്കാന്‍ കഴിയുന്നതുമായ ശൗചാലയങ്ങള്‍ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്‍സിനറേറ്റര്‍, നാപ്കിന്‍ വെന്‍റിംഗ് മെഷീന്‍ എന്നീ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഷീ-ടോയ്ലറ്റ്. സംസ്ഥാന വ്യാപകമായി 58 ഷീ-ടോയ്ലറ്റുകള്‍ സ്ഥാപിക്കുകയും അവ ഉപയോഗസജ്ജവുമാണ്.

 

പെണ്‍കുട്ടികള്‍ക്കുള്ള നാപ്കിന്‍ വിതരണം

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ 6 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണമേറിയ സാനിട്ടറി നാപ്കിനുകളും, ഉപയോഗിച്ച നാപ്കിനുകള്‍ കത്തിക്കുന്നതിനാവശ്യമായ ഇന്‍സിനറേറ്ററും, നാപ്കിനുകള്‍ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, വെന്‍ഡിംഗ് മെഷീന്‍ എന്നിവയും സ്കൂളുകളില്‍ സ്ഥാപിക്കുന്ന പദ്ധതിയാണ് ഷീ പാഡ് പദ്ധതി. കോര്‍പ്പറേഷന്‍ രൂപം കൊടുത്ത് പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്താല്‍ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത പദ്ധതി കേരളം ഒട്ടാകെ നടപ്പിലാക്കുവാന്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നു.

1803340